This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള കാര്‍ഷിക സര്‍വകലാശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള കാര്‍ഷിക സര്‍വകലാശാല

കേരള കാര്‍ഷിക സര്‍വകലാശാല

കാര്‍ഷിക ശാസ്ത്ര പഠന-ഗവേഷണങ്ങള്‍ക്കുവേണ്ടി കേരളത്തില്‍ സ്ഥാപിച്ചിട്ടുള്ള സര്‍വകലാശാല. 1971 സെപ്തംബറില്‍ പാസ്സാക്കിയ കേരളാ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി ആക്റ്റിലെ വ്യവസ്ഥകളനുസരിച്ച് 1972 ഫെബ്രുവരിയില്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ട് കോളജുകളും കൃഷി, അനിമല്‍ ഹസ്ബന്ററി ഡിപ്പാര്‍ട്ടുമെന്റുകളുടെ കീഴിലുണ്ടായിരുന്ന 21 ഗവേഷണ കേന്ദ്രങ്ങളുമാണ് ആദ്യകാലത്ത് കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ ഉണ്ടായിരുന്നത്. ഈ സര്‍വകലാശാലയുടെ ആസ്ഥാനം തൃശൂര്‍ ജില്ലയിലെ വെള്ളാനിക്കരയാണ്.

2010-ല്‍ കാര്‍ഷിക സര്‍വകലാശാല വിഭജിച്ച് പുതിയ രണ്ട് സര്‍വകലാശാലകള്‍ (വെറ്ററിനറി സയന്‍സ്, ഫിഷറീസ്) കൂടി രൂപീകരിച്ചു. ഇപ്പോള്‍ ആറ് കോളജുകളും സംസ്ഥാനത്തൊട്ടാകെയായി 22 റിസര്‍ച്ച് സ്റ്റേഷനുകളും ട്രെയിനിങ് സെന്ററുകളും കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു.

ഗവേഷണപ്രവര്‍ത്തനങ്ങളിലുടെ നിരവധി പുതിയ ഇനം കാര്‍ഷിക വിളകള്‍ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നെല്ല് (47 ഇനം), നാളികേരം (അഞ്ച് ഇനം), പച്ചക്കറികള്‍ (33 ഇനം), കുരുമുളക് (ആറ് ഇനം), കശുമാവ് (12 ഇനം), കരിമ്പ് (നാല് ഇനം), കൊക്കോ (ഏഴ് ഇനം) എന്നിവ അവയില്‍ ചിലതാണ്. അലങ്കാര മത്സ്യങ്ങള്‍, കൊഞ്ച് ഇനങ്ങള്‍ എന്നിവയുടെ നിരവധി ജാതികളും കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. മുട്ട ഉത്പാദനശേഷി വര്‍ധിച്ച അതുല്യ, ഗ്രാമലക്ഷ്മി തുടങ്ങിയ സങ്കരയിനം കോഴികളും കാര്‍ഷിക സര്‍വകലാശാലയുടെ സംഭാവനകളാണ്.

കേരളത്തിലെ ജലാശയങ്ങളില്‍ ഭീഷണിയായ ആഫ്രിക്കന്‍ പായലിനെ നശിപ്പിക്കാനായി ഒരിനം വണ്ടി (Cyrtobagus salvineae)നെ ഉപയോഗിക്കാമെന്ന് കണ്ടെത്തിയത് ഇവിടെ നടത്തിയ പരീക്ഷണങ്ങളില്‍ നിന്നാണ്. വെച്ചൂര്‍ പശുവിന്റെ സംരക്ഷണത്തിന് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നുവരുന്നു. ഇതിനുപുറമേ നിരവധി വിളകളുടെ ജേംപ്ളാസ്സം ശേഖരണം, കശുമാങ്ങയില്‍ നിന്നും പഴച്ചാറ് നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ, മലയോരപ്രദേശങ്ങളില്‍ തടയണകളുടെ നിര്‍മാണത്തിനുള്ള സാങ്കേതികവിദ്യ തുടങ്ങിയവയെല്ലാം കാര്‍ഷിക സര്‍വകലാശാലയുടെ നേട്ടങ്ങളില്‍ ചിലതാണ്.

കൃഷിശാസ്ത്രത്തിലെ പുതിയ കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ജേര്‍ണല്‍ ഒഫ് ട്രോപ്പിക്കല്‍ അഗ്രികള്‍ച്ചര്‍ എന്ന അന്താരാഷ്ട്ര ജേര്‍ണല്‍ കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ പ്രസിദ്ധീകരിച്ചുവരുന്നു.

ഇന്ത്യയിലെ കാര്‍ഷിക സര്‍വകലാശാലകളില്‍ വച്ച് മികച്ചതാണ് കേരള കാര്‍ഷിക സര്‍വകലാശാല. 2001-02 കാലയളവില്‍ മികച്ച കാര്‍ഷിക സര്‍വകലാശാലയ്ക്കുള്ള ഐ.സി.എ.ആര്‍. പുരസ്കാരം ഈ സര്‍വകലാശാലയ്ക്കാണ് ലഭിച്ചത്. ഇവിടെ നിന്നുള്ള 12-ഓളം ഗവേഷണപ്രബന്ധങ്ങള്‍ക്ക് ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഗവേഷണ ഫെലോഷിപ്പുകള്‍ കരസ്ഥാമാക്കിയതിന് ഐ.സി.എ.ആര്‍. നല്‍കിവരുന്ന പെര്‍ഫോര്‍മന്‍സ് അവാര്‍ഡ് 2007 മുതല്‍ കേരള സര്‍വകലാശാല തുടര്‍ച്ചയായി നേടുകയുണ്ടായി (2012).

കൃഷിശാസ്ത്രം, മൃഗശാസ്ത്രം, ഉദ്യാനശാസ്ത്രം, കൃഷി എന്‍ജിനീയറിങ്, ഗാര്‍ഹികശാസ്ത്രം, വനശാസ്ത്രം തുടങ്ങി നിരവധി മേഖലകളില്‍ അധ്യയനം നടത്തുന്നു. ബിരുദ-ബിരുദാനന്തര പഠനങ്ങള്‍ക്കൊപ്പം ഗവേഷണത്തിനുള്ള സൌകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനുള്ള സംവിധാനങ്ങളുമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൌകര്യങ്ങളും ലഭ്യമാണ്. വിദ്യാര്‍ഥികളുടെ കായിക പരിശീലനത്തിനുവേണ്ട സൌകര്യങ്ങളും ഇവിടെയുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍